കേളകം: കാട്ടാന ശല്യം ദിനംപ്രതി കൂടുന്നതിനാല്‍ മലയോര മേഖലയിലെ കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ ആനമതില്‍ വേണം. വര്‍ഷങ്ങളായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നതുമാണ്. കരിയംകാപ്പ് മുതല്‍ പാല്‍ചുരം വെളളച്ചാട്ടം വരെ ഏകദേശം 11 കിലോമീറ്റര്‍ ദൂരത്തില്‍ ആനമതില്‍ നിര്‍മിക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് കെ. രാജു വനം വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നിവേദനം നല്‍കിയിരുന്നു. ഇതു വരെയായിട്ടും അനുകൂല തീരുമാനം ഇല്ലെന്നുമാത്രം. വനാതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുളള ഉളിക്കലില്‍ കാട്ടാന ഇറങ്ങിയത് പോലെ കേളകത്തോ ചുങ്കക്കുന്നിലോ നീണ്ടുനോക്കിയിലോ അമ്പായത്തോടിലോ കാട്ടാന ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന ആശങ്ക നാട്ടുകാര്‍ക്ക് ഉണ്ട്. കാട്ടാന ശല്യം കൂടും ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാട്ടാനകള്‍ തീറ്റ തേടി മറ്റിടങ്ങളിലേക്ക് ഇറങ്ങും. ആനമതില്‍ ഇല്ലാത്ത ശാന്തിഗിരി, പന്നിയാമല, പാല്‍ചുരം പോലുളള ജനവാസമേഖലകളിലേക്ക് ഇറങ്ങാനാകും സാധ്യത. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. കാട്ടാനശല്യം കൂടാനാണ് സാധ്യതയെന്ന് ഉദ്യോസ്ഥരും പറയുന്നു. കാട്ടാനകള്‍ക്ക് ആറളം ഫാമില്‍ തീറ്റ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വളയംചാല്‍, രാമച്ചി, പന്നിയംമല, പാല്‍ചുരം, ചപ്പമല എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ കൂടുതലായി ഇടയ്ക്ക് വന്നുപോകാറുള്ളത്. കേളകം പഞ്ചായത്തിലെ കരിയംകാപ്പിന് സമീപം വരെയാണ് ആനമതിലുളളത്. വളയംചാല്‍ മുതല്‍ കാളികയം വരെയും ആനമതില്‍ ഇല്ല. കരിയംകാപ്പ് മുതല്‍ രാമച്ചി വരെ രണ്ട് കിലോമീറ്റര്‍ വൈദ്യുതി വേലികളുമില്ല. രാമച്ചി മുതല്‍ പാല്‍ചുരം വരെ കാട്ടാനകളെ പ്രതിരോധിക്കാന്‍ വൈദ്യുതി വേലികള്‍ മാത്രമാണുളളത്. എന്നാല്‍ പലയിടത്തും ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലസ്ഥലത്തും വൈദ്യുതി വേലികളില്‍ കാട് കയറിക്കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രവര്‍ത്തനക്ഷമമായുളള വൈദ്യുതി വേലിക്ക് മുകളിലേക്ക് മരങ്ങള്‍ മറിച്ചിട്ടാണ് കാട്ടാനകള്‍ ജനവാസമേഖലകളിലെത്തുന്നത്. അപൂര്‍വ്വമായി ആനമതില്‍ മറികടന്ന് കാട്ടാനകള്‍ ജനവാസമേഖലകളിലെ ത്തിയിട്ടുമുണ്ട്. കേളകം പഞ്ചായത്തിലെ മുട്ടുമാറ്റിയില്‍ കാട്ടാന ജനവാസമേഖലയിലെത്തിയത് ആനമതിലിന്റെ ഉയരംകുറഞ്ഞഭാഗത്തു കൂടിയാണ്. ഈ ഭാഗത്തെ ആനമതില്‍ തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും പുനര്‍നിര്‍മ്മിച്ചിട്ടില്ല. ഫണ്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെത്തെ ആനമതിലിന്റെ ഉയരം കൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി കര്‍ഷകരാണ് കാട്ടാനശല്യത്താ ല്‍ ദുരിതത്തിലായിട്ടുളളത്. വിളവെടുക്കാന്‍ പാകമായ കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാണ്. അതിനര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കാറില്ല. കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമായിട്ടും ഇതുവരെ പരിഹരമായിട്ടില്ല. കാട്ടാന ശല്യത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുക ആനമതില്‍ തന്നെയാണ്. അതിനാല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Be careful... Wild deer may graze in the country